കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് നടൻ ദിലീപ് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. തുടർന്ന് 2019ലാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. മുഖ്യപ്രതി പൾസർ സുനി 7 വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കേസിൽ രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതി പൾസർ സുനിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പൾസർ സുനിയുടേത് ബാലിശമായ വാദമെന്ന നിരീക്ഷണത്തോടെയാണ് ഒന്നാം പ്രതിയുടെ ഹർജി ഹൈക്കോടതി തള്ളിയത്.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന് ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസില്‍ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കേസില്‍ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. ദിലീപിന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ വിധി വരും.


