കൊച്ചി: ആലപ്പുഴയിൽനിന്ന് 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നു പേടിയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമാണ് നടന്റെ ആവശ്യം. താൻ നിരപരാധിയാണെന്നും അറസ്റ്റിലായാൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള ചില സിനിമാ താരങ്ങള്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയിട്ടുണ്ട് എന്ന വിവരം എക്സൈസിന് ലഭിച്ചത്. തുടര്‍നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം നവംബറിൽ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വന്ന് ക്രിസ്റ്റീന എന്ന് പരിചയപ്പെടുത്തി തസ്ലിമ വന്നു കണ്ടിരുന്നു എന്ന് ശ്രീനാഥ് ഭാസിയുടെ ഹർജിയിൽ പറയുന്നു. ഫാൻ ആണെന്നു പറഞ്ഞാണ് മറ്റൊരു സുഹൃത്ത് വഴി പരിചയപ്പെടുന്നത്. നമ്പറും വാങ്ങിയിരുന്നു. ഇതിനു ശേഷം ഏപ്രിൽ ഒന്നിന് ‘കഞ്ചാവ് ആവശ്യമുണ്ടോ’ എന്ന് ചോദിച്ച് അപ്രതീക്ഷിതമായി തന്നെ വിളിക്കുകയായിരുന്നു എന്ന് ഹർജിയിൽ പറയുന്നു. കളിയാക്കുകയാണ് എന്നു കരുതി ഫോൺ വച്ചെന്നും ശ്രീനാഥ് ഭാസി പറയുന്നു. പിന്നാലെ ‘ആവശ്യമുള്ളത് ചെയ്തുകൊടുക്കണം’ എന്ന രീതിയിൽ മെസജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് തിരച്ച് സന്ദേശം അയച്ചെന്നും ശ്രീനാഥ് ഭാസി പറയുന്നു. തസ്ലിമ അയച്ച മറ്റു മെസജുകൾക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.


