എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹരജി സുപ്രിംകോടതി തള്ളി. എല്ലാ കേസുകളും സി.ബി.ഐക്ക് വിടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം.
അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെയും സമീപിച്ചത്.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


