തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആണ്‍സുഹൃത്തായ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്. അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
സ്നേഹം കാണിച്ച് യുവതിയെ ചൂഷണം ചെയ്തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം പ്രതി യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന്റെ വാട്സ് ആപ് ചാറ്റുകള്‍ തെളിവായി ലഭിച്ചെന്ന് കോടതി പറഞ്ഞു.
ഐബി ഉദ്യോഗസ്ഥ മരിച്ചതിനു പിന്നാലെ ഒളിവിലായിരുന്നു പ്രതി. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ കൈമാറും.
പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. പ്രതി യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായും മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്.
സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം കൂടിയുണ്ടാകുന്ന തെളിവാണ് ചാറ്റ് വിവരങ്ങള്‍.


