ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന് മുന്‍കൂര്‍ ജാമ്യമില്ല. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പിന്നാലെ സുകാന്തിനോട് കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു.
ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ സുകാന്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. സുകാന്തും ഐബി ഉദ്യോഗസ്ഥനാണ്. കേസില്‍ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ സഹപ്രവര്ത്തകന് സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ പ്രതി സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ചിരുന്നു. പിന്നാലെ കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.
പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയതോടെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. യുവതിയുടെ മരണശേഷം ഒളിവില്‍ പോയ സുകാന്തിനെ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല.


