ലവ് ജിഹാദ് എന്ന പദം കേരളത്തിൽ ആദ്യം ഉപയോഗിച്ചത് സി.പി.എം ആണെന്നും ചക്കര പുരട്ടിയ വാക്കുകൾ പുറത്ത് പറയുന്ന സർക്കാർ കിട്ടുന്ന സമയത്തെല്ലാം സമുദായത്തെ ഉപദ്രവിക്കുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നാൾ ദിനവുമായി ബന്ധപ്പെട്ടുള്ള അവധി വിവാദം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാർ നീക്കമാണ്. എന്തിനാണ്, ആർക്കു വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയത്? ഉത്തരവ് തന്നെ പിൻവലിക്കണം എന്ന് ലീഗ് പറഞ്ഞതാണ്. സർക്കാർ അതിന് തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. സർക്കാരിൽ നിന്നും ഇത്തരം വികലമായ നിലപാടുകൾ തുടരുന്നു. നേരത്തെ വഖഫ് ബില്ലിന്റെ പേരിലും സമാന വിവാദം ഉണ്ടായി. നാടിന് ഒരു ഗുണവുമില്ല. ജനവിരുദ്ധ നയങ്ങൾ സർക്കാർ തുടരുന്നു’, അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിനകത്ത് മുസ്ലിം സമുദായത്തോട് പ്രതികാരം ചെയ്യാനുള്ള സംവിധാനമുണ്ട്. നേരത്തെ തന്നെ മുസ്ലിം ലീഗ് ഈ ആരോപണം ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ചക്കര പുരട്ടിയ വാക്കുകൾ പുറത്തു പറയുന്ന മുഖ്യമന്ത്രിയും പാർട്ടിയും കിട്ടുന്ന എല്ലാ സമയത്തും മുസ്ലിം സമുദായത്തെ ഉപദ്രവിക്കുന്നു. അവരുടെ ആനുകൂല്യങ്ങൾ എടുത്തുകളയുന്നു. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും. സംഘപരിവാറിനേക്കാൾ കടുത്ത വർഗീയത സിപിഐഎം കേരളത്തിൽ നടത്തുന്നുവെന്നും ലവ് ജിഹാദ് എന്ന പദം കേരളത്തിൽ ആദ്യമായി സിപിഐഎം ആണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയുടെ രൂപീകരണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘മുസ്ലിം ലീഗിന്റെ ശക്തമായ നിർബന്ധത്തിലാണ് ഇഎംസ് മലപ്പുറം ജില്ല രൂപീകരിക്കാൻ തീരുമാനിച്ചത്. ലീഗ് നേതാക്കൾ അന്ന് ശക്തമായ ആവശ്യം ഉന്നയിച്ചു. മലപ്പുറം ജില്ല രൂപീകരിക്കാൻ ഇടതുപക്ഷം നിർബന്ധിതരായി. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് അതിനെ എതിർത്തിരുന്നു. പക്ഷെ മലപ്പുറത്തെക്കുറിച്ച് തെറ്റായ പ്രചാരണം ഇപ്പോൾ സിപിഐഎം നടത്തുന്നു’, അദ്ദേഹം വ്യക്തമാക്കി.


