ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡന്റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെന്നൈയിലെ തമിഴ്നാട് സെക്രട്ടേറിയറ്റിൽ മുസ്ലിംലീഗ് തമിഴ്നാട് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവപെരുന്ദഗൈ എന്നിവരും പങ്കെടുത്തു. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സൽമയുമാണ് ഡി.എം.കെയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നിലവിലെ രാജ്യസഭാംഗം അഡ്വ. പി. വിൽസൺ, സേലം മുൻ എം.എൽ.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികൾ.
നിയമസഭയിലെ എം.എൽ.എമാരുടെ എണ്ണം വെച്ച് ഡി.എം.കെ സഖ്യത്തിന് നാലും അണ്ണ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കൾ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.


