ചുങ്കത്തറ പഞ്ചായത്തിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് അംഗത്തിന്റെ ഭര്‍ത്താവായ സുധീര്‍ പുന്നപ്പാലയുടെ കട അടിച്ചുതകര്‍ത്തതായി പരാതി. സുധീറിന്റെ ഉടമസ്ഥതയിലുള്ള ജനസേവാ കേന്ദ്രമാണ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. കടയിലുണ്ടായിരുന്ന വനിതാ ജീവനക്കാരെ ആക്രമിച്ചെന്നും കടയുടെ ഷട്ടര്‍ താഴ്ത്തി ചാവി സിപിഎം പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നും സുധീര്‍ എസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ നടത്തിയ അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് മെമ്പര്‍ ആയിരുന്ന സുധീറിന്റെ ഭാര്യ നുസൈബ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നുസൈബയുടെ ഭര്‍ത്താവ് സുധീറിനെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി സന്ദേശങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. പി.വി അന്‍വറിനൊപ്പം നിന്നാല്‍ ഒരു ദാക്ഷിണ്യവും നിന്നോടും കുടുംബത്തിനോടും ഉണ്ടാവില്ലെന്ന് സിപിഎം എടക്കര ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതാണ് പുറത്തുവന്നത്. സിപിഎമ്മിനെ വഞ്ചിച്ച് സമാധാനത്തോടെ ജീവിക്കാമെന്ന് തോന്നുന്നുണ്ടോയെന്നും ഏരിയാ സെക്രട്ടറി ചോദിച്ചിരുന്നു.


