വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്‍.സ 3 എന്ന ലൈബീരിയന്‍ കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന് ഉള്‍പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്‍ റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്നില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണുണ്ടായിരുന്നത്.
കപ്പല്‍ച്ചേതം മൂലം 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന് ഷിപ്പിങ് കമ്പനി) കണ്ടെയ്നര്‍ ഫീഡറില്‍ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്‍ അസംസ്കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്‍, ചരക്കിന്റെ കാര്യത്തില്‍ ഈ ഉറപ്പില്ല. മിക്കവാറും അസംസ്കൃത വസ്തുക്കള്‍ (റോ മെറ്റീരിയല്‍സ്) ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്‍ഷുര്‍ ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നനാലാണ് അസംസ്കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്പന്നങ്ങള് (ഫിനിഷ്ഡ് പ്രോഡക്ട്സ്) ഇന്‍ഷുര്‍ ചെയ്തതായാണ് അയക്കാറ്.
സാമ്പത്തിക നഷ്ടത്തേക്കാള്‍ ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്‍ഷ്യം കാര്‍ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളത്തോട് ചേര്‍ന്നാല്‍ തീ പിടിക്കുന്ന കാല്‍ഷ്യം കാര്‍ബൈഡിന്റെ സാന്നിധ്യം കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കപ്പല്‍ മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്‍ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ സക്ഷം, വിക്രം, സമര്‍ഥ് എന്നീ മൂന്ന് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ സാധിച്ചത് ആശ്വാസകരമാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്‍ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയില്‍ സ്പില്‍ ഡിസ്പേഴ്സന്റ’ ഡ്രോണിയര്‍ വിമാനം ഉപയോഗിച്ച് കലര്‍ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്‍ന്നിട്ടുണ്ട്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്‍ കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്‍ കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്‍ ഇതിലിടിച്ചാല്‍ വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്‍ വന്നുപതിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങള്‍ കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്‍ന്നിട്ടുണ്ട്. നിലവില്‍ ഔദ്യോഗികമായ ഒരു നിര്‍ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്ക്കാറിന്രെ ഇടപെടല്‍ അനിവാര്യമാണ്.


