കോട്ടയം തിരുവാതുക്കലിലെ ഇരട്ടകൊലപാതകത്തില്‍ നടുങ്ങി നാട്. ഇന്ന് രാവിലെയാണ് വ്യവസായിയായ വിജയകുമാറിന്റെയും ഡോക്ടറായ മീരയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയില്‍ വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും മീരയുടേത് അടുക്കളഭാഗത്തുമായാണ് കണ്ടത്.
ഇരുവരുടെയും മൃതദേഹത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല, മുഖങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വീട്ടിലെ മുന്‍ജീവനക്കാരായ അസം സ്വദേശി സംശയമുനയിലാണ്. പണം തട്ടിയ കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
അയല്‍വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇരുവര്‍ക്കും രണ്ടുമക്കളാണ്. മകള്‍ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്. മകനെ അഞ്ചുവര്‍ഷം മുന്‍പ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


