ക്വെറ്റ: പാകിസ്താനിലെ ക്വെറ്റ സൈനിക ആസ്ഥാനത്തിന് സമീപം ഉണ്ടായ ഉഗ്രസ്പോടനത്തില്‍ സൈനികര്‍ ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചാവേര്‍ ആക്രമണമാണെന്ന് സൈന്യം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നില്‍ ബലൂച് വിമതരാണെന്ന് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ക്വെറ്റയിലെ സര്‍ഗുന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന എഫ്സി ആസ്ഥാനത്തിന് മുന്നില്‍ സ്ഫോടനം നടന്നത്. അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചും, മറ്റഞ്ചുപേര് ചികിത്സയ്ക്കിടെ മരണമടഞ്ഞു. സമീപത്തെ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ജനാലകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടനത്തിന് പിന്നാലെ വെടിയൊച്ചയും കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
മോഡല്‍ ടൗണില്‍ നിന്ന് എഫ്സി ആസ്ഥാനത്തേക്ക് വന്ന സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഹാലി റോഡില്‍ തിരിയുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത് എന്ന് ക്വെറ്റ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് എസ്.എസ്.പി മുഹമ്മദ് ബലോച്ച് അറിയിച്ചു. രക്ഷാപ്രവര്‍ത്തകരും സുരക്ഷാ സേനയും സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.


