തൃശൂര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവ് പ്രിന്റു മഹാദേവിനായി പൊലീസ് തിരച്ചില്‍ നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന് അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന് ഗോപിയുടെ വീട്ടിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചാനല്‍ ചര്‍ച്ചക്കിടെയാണ് പ്രിന്റു മഹാദേവിന് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.
രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന. തുടര്‍ന്ന്, നിയമ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. സി.ആര്. പ്രാണകുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍, പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും വധഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
പരാതിക്കു പിന്നാലെ പ്രിന്റുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും, ഇയാള്‍ ഒളിവില്‍ പോയിരുന്നു. പ്രിന്റുവിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവരുകയും നിയമസഭയില്‍ പ്രതിക്ഷേധിക്കുകയും ചെയ്തു. അതിനൊടുവിലാണ് പ്രിന്റുവിനു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.


