കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുകയാണെന്ന് കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക. മതപരിവര്‍ത്തനത്തിന് ഒറ്റ നിര്‍വചനം മാത്രമാണോയെന്നും വിദേശത്ത് ഹൈന്ദവ സന്യാസിമാര്‍ മതപ്രചാരണവും മതപരിവര്‍ത്തനവും നടത്തുന്നുണ്ടെന്നും ഇതിനെ ആരും മതപരിവര്‍ത്തനമായി വിശേഷിപ്പിക്കുന്നില്ലെന്നും ദീപികയുടെ എഡിറ്റോറിയല്‍ ചോദിക്കുന്നു.
‘കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുന്നു. ക്രൈസ്തവരെ വേട്ടയാടി നിശബ്ദരാക്കാന്‍ ഇന്നത്തെ ലോകക്രമത്തില്‍ എളുപ്പമാകില്ല. ആരും ഹിന്ദുമതത്തില്‍ ചേരുന്നതിനെ മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല. കുംഭമേളയില്‍ മറ്റു മതസ്ഥര്‍ പങ്കാളികളാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. വിദേശത്ത് ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി തന്നെ അപലപിക്കുന്നു. കന്യാസ്ത്രീ വേട്ട പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചില്ല. പീഡനങ്ങളും അടിച്ചമര്‍ത്തലുകളും യാതനകളും ക്രൈസ്തവ സഭക്ക് പുത്തരിയല്ലെന്ന് ഒരിക്കല്‍ കൂടി ബജ്റംഗ്ദളിനെയും കൂട്ടാളികളെയും ഓര്‍പ്പിക്കട്ട.
രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചാല്‍ തളരുന്നതല്ല ക്രൈസ്തവ വിശ്വാസവും പ്രേഷിത ചൈതന്യവും. അവര്‍ക്ക് പിന്തുണയുമായി പതിനായിരങ്ങള്‍ ജയിലിന് പുറത്തുണ്ട്. സത്യം ജയിക്കുക തന്നെ ചെയ്യും. വര്‍ഗീയ ശക്തികളുടെ അഴിഞ്ഞാട്ടം അതിന്റെ എല്ലാ അതിര്‍ത്തിവരമ്പുകളും ഭേദിക്കുന്നുവെന്നും ഇനിയും കാഴ്ചക്കാരായി തുടരരുതെന്നും ഭരണാധികാരികളെ ഓര്‍മിപ്പിക്കുന്നുവെന്നും’ ദീപിക എഡിറ്റോറിയലില്‍ ചോദിക്കുന്നു.


