കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. സംസ്ഥാനത്തെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സ്റ്റാലിന് പറഞ്ഞു. കരൂരില്‍ നടന്ന ‘മുപ്പെരും വിഴ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്. ഇരട്ട അക്ക സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഏകസംസ്ഥാനം തമിഴ്നാടാണെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ പ്രധാന പദ്ധതികളും നേട്ടങ്ങളും സ്റ്റാലിന് വിശദീകരിച്ചു.
ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ മുതല്‍ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെക്കുന്നു എന്ന ആരോപണം വരെ കേന്ദ്രത്തിന്റെ അമിതമായ ഇടപെടലിനെക്കുറിച്ച് സ്റ്റാലിന് വിമര്‍ശിച്ചു. തമിഴ്നാടിനുമേല് കേന്ദ്രം സാംസ്കാരികവും ഭരണപരവുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സ്റ്റാലിന് ആരോപിച്ചു. മണ്ഡല പുനര്‍നിര്‍ണയവും മറ്റ് ഇടപെടലുകളും പോലുള്ള നടപടികളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ലെന്നും മൂന്നാം തവണ അധികാരത്തില്‍ വന്നിട്ടും മോദി മാജിക് തമിഴ്നാട്ടില്‍ വിലപ്പോകില്ലെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ബിജെപിയെ തടഞ്ഞില്ലെങ്കില്‍, അടുത്തത് അവര്‍ സംസ്ഥാനങ്ങളില്ലാത്ത ഒരു രാജ്യത്തെ സൃഷ്ടിക്കുമെന്ന് സ്റ്റാലിന് പറഞ്ഞു.


