ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് പുറത്തേക്ക്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് ലഭിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇളവ് നല്‍കിയിരിക്കുന്നത്.
2009 നവംബര്‍ 8 നാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്കര കാരണവര്‍ കൊല്ലപ്പെടുന്നത്. ഭാസ്കര കാരണവരുടെ മരുമകളായിരുന്നു ഷെറിന്.
മോഷണത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് മരുമകളായ ഷെറിന് പിടിയിലാവുകയായിരുന്നു. മരുമകള്‍ ഷെറിനും കാമുകനും ചേര്‍ന്നാണ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്.
വേലിക്കര അതിവേഗ കോടതി ഷെറിന് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഈ ഉത്തരവ് ഹൈക്കോടതിയും ശേഷം സുപ്രിംകോടതിയും ശരിവെച്ചിരുന്നു.
ഷെറിന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഭാസ്കര കാരണവരെ കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കേസില്‍ ഷെറിന് നല്കിയ മൊഴി തന്നെയാണ് വഴിതിരിവായത്.
വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാള്‍ക്ക് അകത്തേക്ക് കയറാമെന്നും ഷെറിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഒരു ഏണിയില്ലാതെ ഒരാള്‍ക്ക് അതിന്റെ മുകളില്‍ക്കയറി നില്ക്കാന് കഴിയില്ലായിരുന്നു. തുടര്‍ന്ന് ഷെറിന്റെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോള്‍ ഒരു നമ്പരിലേക്കു 55 കോളുകള്‍ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ആ ഫോണ്‍ കോളുകള്‍ എത്തിയിരുന്നത്.
ഭാസ്കര കാരണവരുടെ മുറിയിലെ അലമാരയുടെ പിടിയില്‍ കണ്ട വിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഷാനുറഷീദ്, നിഥിന് എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികള്‍.


