എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖി വധക്കേസില്‍ സംശയിക്കപ്പെടുന്ന ബില്ഡല്മാരുടെയും രാഷ്രടീയക്കാരുടെയും പേരുകള്‍ മകന് സീഷന്‍ സിദ്ദിഖി അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തി.
2024 ഒക്ടോബര്‍ 12നാണ് ബാബ സിദ്ദീഖിക്ക് ബാന്ദ്രയില്‍ മകന് സീഷന്‍ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് വെടിയേല്‍ക്കുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമാണ് മകന്റെ മൊഴി.
മുംബൈ ബാന്ദ്രയിലെ ചേരി നിവാസികളുടെ അവകാശങ്ങള്‍ക്കായി താനും പിതാവും തുടര്‍ച്ചയായി പോരാടുന്നുണ്ടെന്നും പുനര്‍വികസന പദ്ധതിയെ എതിര്‍ത്തതിന് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മകന് മൊഴി നല്കി. ബാബ സിദ്ദിഖി വധക്കേസില്‍ 4,500 പേജുകളുള്ള കുറ്റപത്രം പ്രത്യേക മക്കോക്ക കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചതായാണ് വിവരം. എല്ലാ പ്രതികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.


