ബാഴ്സലോണ: രണ്ട് ഗോളുകളുടെ കരുത്തില്‍ റയല്‍ സൊസിഡാഡിനെ തോല്‍പ്പിച്ച് ബാഴ്സലോണ ലാ ലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. തുടക്കം മുതല്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളും ജയിച്ച് മുന്നേറിക്കൊണ്ടിരുന്ന റയല്‍ മഡ്രിഡിനെ മറികടന്നാണ് ബാഴ്സ മുന്നേറ്റം. ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാഴ്സയ്ക്ക് 19 പോയിന്റും റയലിന് 18 പോയിന്റുമാണ്.
സ്വന്തം ഗ്രൗണ്ടില്‍ ഇറങ്ങിയ ബാഴ്സലോണയ്ക്ക് തുടക്കത്തില്‍ പ്രതീക്ഷിച്ച പോലെ കളം പിടിക്കാനായില്ല. 4-5-1 ഫോര്‍മേഷനില്‍ പ്രതിരോധവും മധ്യനിരയും ശക്തിപ്പെടുത്തി ബാഴ്സയുടെ മുന്നേറ്റങ്ങള്‍ തടഞ്ഞ റയല്‍ സൊസിഡാഡ് 31-ആം മിനിറ്റില്‍ അല്‍വാരോ ഒഡ്രിയോസോളയുടെ ഗോളിലൂടെ ലീഡ് നേടി. എന്നാല്‍, ആദ്യ പകുതി അവസാനിക്കാന്‍ മുമ്പ് തന്നെ സമനില തിരികെ പിടിക്കാന്‍ ബാഴ്സയ്ക്കായി. മാര്‍കസ് റാഷ്ഫോര്‍ഡിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നു ഉയര്‍ത്തിയ പന്ത് ജൂള്‍സ് കൗണ്ടെ ഹെഡ്ഡറിലൂടെ വലയിലാക്കി.
രണ്ടാം പകുതിയില്‍ ലമിന് യമാലും ഡാനി ഒല്‍മോയും കളത്തിലിറങ്ങിയതോടെ ബാഴ്സയുടെ ആക്രമണത്തിന് കൂടുതല്‍ മൂര്‍ച്ച ലഭിച്ചു. യമാല്‍ ഇറങ്ങിയ ഉടന്‍ തന്നെയാണ് നിര്‍ണായകമായ അസിസ്റ്റ് നല്‍കിയത്. 59-ആം മിനിറ്റില്‍ ബോക്സിന് മുന്നില്‍ നിന്നു നല്‍കിയത് റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ലക്ഷ്യത്തിലെത്തിച്ച് വിജയഗോള്‍ ഉറപ്പിച്ചു.
ലാ ലിഗയിലെ മറ്റ് മത്സരങ്ങളിലും ആവേശം നിറഞ്ഞു. റയല്‍ ബെറ്റിസ്, എല്‍കെ, സെവിയ്യ, വിയ്യാറയല്‍ എന്നിവര്‍ വിജയവുമായി രംഗം വിട്ടു.


