തിങ്കളാഴ്ച ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം ധാക്കയിലെ ദിയാബാരി പ്രദേശത്തെ സ്കൂള്‍ ക്യാമ്പസില്‍ ഇടിച്ചുകയറി 27 പേര് കൊല്ലപ്പെടുകയും 170 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിന് ശേഷം ബംഗ്ലാദേശിന് പിന്തുണ നല്‍കാനൊരുങ്ങി ഇന്ത്യ. ചൊവ്വാഴ്ച, വിദേശകാര്യ മന്ത്രാലയം (എംഇഎ) ബംഗ്ലാദേശിന് ഇന്ത്യയുടെ അടിയന്തര വൈദ്യസഹായം സ്ഥിരീകരിച്ച് ഒരു പ്രസ്താവന പുറത്തിറക്കി.
”സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒരു സംഘം ഇരകളെ ചികിത്സിക്കാന്‍ ഉടന്‍ ധാക്ക സന്ദര്‍ശിക്കും,” പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ സംഘം രോഗികളുടെ അവസ്ഥയെക്കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ നടത്തുകയും സ്പെഷ്യലൈസ്ഡ് പരിചരണത്തിനായി ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യത ഉള്‍പ്പെടെ കൂടുതല്‍ ചികിത്സയ്ക്കുള്ള ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും. പ്രാഥമിക വിലയിരുത്തലിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മെഡിക്കല്‍ ടീമുകളെ വിന്യസിക്കാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രധാനമന്ത്രി മോദി എഴുതി, ”ധാക്കയിലുണ്ടായ ദാരുണമായ വിമാനാപകടത്തില്‍ നിരവധി യുവ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന് നഷ്ടപ്പെട്ടതില്‍ അഗാധമായ ഞെട്ടലും ദുഃഖവും തോന്നുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.’


