കൊച്ചി: സമരങ്ങളില്‍ പൊലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയിലെ വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്‍മാനാണ് പരാതി സമര്‍പ്പിച്ചത്.
അമീബിക് മസ്തിഷ്കജ്വരം പടരുന്ന പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. ജലപീരങ്കികളില് ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നു.
”സമരങ്ങളില്‍ പ്രയോഗിക്കുന്ന ജലപീരങ്കിയിലെ വെള്ളത്തിന് മഞ്ഞ നിറമോ മണ്ണ് കലര്‍ന്ന രൂപമോ കാണാറുണ്ട്. ഇത് കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ നിന്നാണ് എടുക്കുന്നതെന്ന് തോന്നുന്നു. രോഗവ്യാപനം തടയാന്‍ വെള്ളത്തിന്റെ ഗുണനിലവാരം സര്‍ക്കാര്‍ പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്” പരാതിയില്‍ പറയുന്നു.
സംസ്ഥാന പൊലീസ് മേധാവിക്കും ഇതിനകം പരാതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


