തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസില്ല. ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായും കിട്ടിയിട്ടില്ലെന്നും പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും പോലീസ് പറഞ്ഞു. നിലവില്‍ ലഭ്യമായ രേഖകള്‍ വച്ച് കേസെടുക്കാനാവില്ലെന്നാണ് പൊലീസ് അറിയിച്ചത്.
ഓഗസ്റ്റ് 12നാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.പി ടി.എന്‍ പ്രതാപന് പരാതി നല്‍കിയത്. വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്നും തിരുവനന്തപുരത്തെ സ്ഥിരതാമസക്കാരാനായ സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചെയ്യാന്‍ സ്ഥിരതാമസക്കാരാനാണെന്ന തെറ്റായ സത്യവാങ്മൂലം നല്കിയെന്നുമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു ടി.എന്‍ പ്രതാപന് ഉയര്‍ത്തിയത്. ഇത് സംബന്ധിച്ചുള്ള തെളിവുകളും അദ്ദേഹം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ടി.എന്‍ പ്രതാപന് ഉയര്‍ത്തിയ പരാതികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.


