മ്യാന്മറില് പട്ടാളം നടത്തിയ ബോംബാക്രമണത്തില്‍ 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷമേഖലയായ റാഖൈന്‍ സംസ്ഥാനത്ത് ബോര്‍ഡിങ് സ്കൂളിലെ 15 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണു കൊല്ലപ്പെട്ടതെന്ന് യുനിസെഫ് അറിയിച്ചു.
ഡിസംബറില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പട്ടാള ഭരണകൂടം അതിനു മുന്‍പേ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് ആക്രമണം രൂക്ഷമാക്കിയത്.
റാഖൈനില്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ടു വര്‍ഷങ്ങളായി പട്ടാളവുമായി വിമതര്‍ രൂക്ഷയുദ്ധത്തിലാണ്. കഴിഞ്ഞവര്‍ഷങ്ങളില്‍ പട്ടിണിയും പീഡനവും മൂലം ലക്ഷക്കണക്കിനു റോഹിന്‍ഗ്യന്‍ മുസ്ലിംകളാണ് പലായനം ചെയ്തത്.
കഴിഞ്ഞമാസം മാത്രം പട്ടാളം രാജ്യമെങ്ങും 500 വ്യോമാക്രമണങ്ങള്‍ നടത്തിയെന്നാണു മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ഈ ആക്രമണങ്ങളില്‍ 15 സ്കൂളുകളിലായി 40 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു.


