ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, മോഡല്‍ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യല്‍ 8 മണിക്കൂര്‍ പിന്നിട്ടു. രാവിലെ 10 മണി മുതല്‍ ആലപ്പുഴ എക്സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അതേസമയം, ഷൈന്‍ ടോം ചാക്കോയും മോഡല്‍ സൗമ്യയും ലഹരി ഇടപാട് നിഷേധിച്ചു. എന്നാല്‍ ഇരുവരെയും മാറിമാറി ചോദ്യം ചെയ്തതോടെ തസ്ലീമയുമായി ലഹരി ഇടപാട് നടത്തിയെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥര്‍.
ഷൈന്‍ ടോം ചാക്കോയെ രണ്ട് തവണയാണ് എക്സൈസ് ചോദ്യം ചെയ്തത്. മോഡല്‍ സൗമ്യയുടെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറിലേറെ നീണ്ടു. എന്നാല്‍ ആറു മാസത്തെ നൂറിലേറെ പേജുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ മുന്നില്‍ വെച്ചപ്പോള്‍, മൊഴികള്‍ മാറിമറിഞ്ഞു.
എന്നാല്‍ ലൈംഗിക ഇടപാടുകള്‍ക്ക് ലഭിച്ച കമ്മീഷന് തുകയാണെന്നും ലഹരി ഇടപാടില്ലെന്നും സൗമ്യ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്തതോടെ ലഹരി ഇടപാട് സൗമ്യ സമ്മതിച്ചതായാണ് വിവരം. ഇതോടെ സൗമ്യയുടെ അറസ്റ്റിന് സാധ്യതയേറി. തസ്ലീമയുമായി ലഹരി ഇടപാട് ഇല്ലെന്നും ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും ഷൈന്‍ മൊഴി നല്കി. മെത്താംഫെറ്റമിന്‍ ആണ് ഉപയോഗിക്കാറുള്ളതെന്നും, ലഹരി വിമുക്തിക്കായി സിനിമ ഷൂട്ട് വരെ മാറ്റിവെച്ചിട്ടുണ്ട് എന്നും ഷൈന്‍ ആവര്‍ത്തിച്ചു. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ഷൈനിന്റെ പിതാവ് മെഡിക്കല്‍ രേഖകളുമായി എക്സൈസ് ഓഫീസിലെത്തി. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യലും തുടരുകയാണ്.


