ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണ് 110 യാത്രക്കാര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരുടെ 30 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്.
അതേസമയം വിമാനത്തില്‍ 242 പേര് ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് അര്‍ധ സൈനിക വിഭാഗവും എന്‍.ഡി.ആര്.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാ സേനയും മെഡിക്കല്‍ സംഘവും 20ലേറെ ആംബലന്‍സും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.
വിമാനം തകര്‍ന്നതായി എയര്‍ ഇന്ത്യ എക്സിലെ പോസ്റ്റില്‍ സ്ഥിരീകരിച്ചു.


