നിശ്ചയദാര്‍ഢ്യത്തിന്റെ കൊടിയടയാളമായി ഹരിതപതാക രാജ്യത്തിന്റെ ആകാശത്ത് പാറിപ്പറക്കുന്ന അവിസ്മരണിയമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് കാലം സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്. പുതിയ കാലത്തിന്റെ രാഷ്ട്രിയത്തിന് സ്ഫടികസമാനമായ തെളിമയുള്ള നിര്‍വചനമാണ് മുസ്ലിം ലീഗ് നല്കികൊണ്ടിരിക്കുന്നത്. മുക്കാല്‍ നൂറ്റാണ്ടിന്റെ നിറവിലെത്തിനില്ക്കുമ്പോള് ന്യൂനപക്ഷ രാഷ്ട്രീയമെന്ന ഈ ഐതിഹാസിക രാഷ്ട്രീയ പരീക്ഷണം കാലത്തിന്റെ സമസ്യകളോട് അത്ഭുതകരമായി സംവദിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ ഇന്ത്യയും പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളും ചരിത്രത്തിലില്ലാത്തവിധത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയമയിക്കൊണ്ടിരിക്കുമ്പോള് അതിനെ സധൈര്യം അഭിമുഖീകരിക്കാന്‍ സജ്ജമാകുന്നതോടൊപ്പം തന്നെ മനുഷ്യന്റെ യാതനകളെയും വേദനകളെയും ചേര്‍ത്തുപിടിക്കാനും മുന്നണിപ്പോരാളിയെ പോലെ ഈ പ്രസ്ഥാനം നിലയുറപ്പിച്ചിരിക്കുകയാണ്. ചരിത്രങ്ങളുടെയും വര്‍ത്തമാനങ്ങളുടെയും നഗരമായ രാജ്യതലസ്ഥാനത്ത് നാനോന്മുഖ ലക്ഷ്യങ്ങളുമായി അംബരചുംബിയായ ദേശീയ ആസ്ഥാനം അണിയിച്ചൊരുക്കിയതിനു പിന്നാലെയാണ് ഇന്നലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്ബാധിതര്ക്കു വേണ്ടിയുള്ള ഭവനസമുച്ഛയങ്ങള്ക്കും സയ്യിദ് സാദിഖലി ശിഹാബ്തങ്ങളുടെ അനുഗൃഹിത കരങ്ങളാല്‍ ശിലപാകിയിരിക്കുന്നത്. അസൂയയും അപകര്‍ഷതയും കൊണ്ടൊന്നു മാത്രം വിമര്‍ശനവും വിദ്വേഷവും കൈമുതലാക്കി രംഗത്തെത്തിയവര്‍ക്ക് സാര്‍ത്ഥവാഹക സംഘത്തിന്റെ പടയോട്ടത്തിനു മുന്നില്‍ പത്തിമടക്കേണ്ടിവന്നിരിക്കുകയാണ്.
രാജ്യം ദര്‍ശിച്ചതില്‍ വെച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് വയനാട് 5 സാക്ഷ്യംവഹിച്ച സാക്ഷ്യംവഹിച്ചിട്ട് വര്‍ഷം ഒന്നു പിന്നിട്ടിരിക്കുകയാണ്. കേട്ടുകേള്വിപോലുമില്ലാത്തത്ര ഭയാനകമായ ആ ദുരന്തവാര്‍ത്ത പുറംലോകത്തെത്തിയ നിമിഷം മുതല്‍ മുസ്ലിംലീഗ് കര്‍മനിരതമായിരുന്നു. പാര്‍ട്ടിയുടെ സര്‍വസംവിധാനങ്ങളും ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനുപിന്നാലെ അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ക്കെല്ലാം ഔദ്യോഗിക സംവിധാനങ്ങളെയൊന്നും കാത്തുനില്‍ക്കാതെ പാര്‍ട്ടി രംഗത്തിറങ്ങി. പിന്നീടാണ് പുനരധിവാസമെന്ന ശ്രമകരവും വൈപുല്യവുമായ പദ്ധതിയിലേക്കുള്ള ചുവടുവെപ്പ്. പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ കവിളില്‍ ചാലിട്ടൊഴുകിയ കണ്ണീരൊപ്പാനുള്ള പണം സമാഹരിക്കാന്‍ ക്രൗഡ് ഫണ്ടിങ് തുടങ്ങി, ഫോര്‍ വയനാട് ആപ്പിലൂടെ 40 കോടിയോളം രൂപ അക്കൗണ്ടിലെത്തി. സുതാര്യമായ ധനസമാഹരണത്തെ പൊതുസമൂഹം പ്രകീര്‍ത്തിച്ചു. മുസ്ലിംലീഗിനോടുള്ള വിശ്വാസത്തിന്റെ പ്രതീകമായി എല്ലാ ദിക്കുകളില്‍ നിന്നും അക്കൗണ്ടിലേക്ക് പണമെത്തി. 105 കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിക്കുന്നതിന് 11.12 ഏക്കര്‍ സ്ഥലം വിലക്കുവാങ്ങി. ദുരിതബാധിത മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജി.സി.സിയിലെ വിവിധ കമ്പനികള്‍ തൊഴില്‍ നല്കുന്ന പദ്ധതി നടപ്പിലാക്കി. ഇതിന്റെയെല്ലാം ധന വിനിയോഗം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുവെക്കുകയും ചെയ്തു.
എല്ലാം നഷടപ്പെട്ടുപോയ ഒരുജനതയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഭഗീരത പ്രയത്നം മുസ്ലിംലീഗ് നടത്തുമ്പോള്‍ അതിന് പിന്തുണയും പ്രോത്സാഹനവും നല്കുന്നതിനു പകരം സ്വാര്‍ത്ഥ താല്പര്യത്തിന്റെ പേരില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന ഒരു ഭരണകൂടത്തെയാണ് വയനാട്ടില്‍ കാണാന്‍ സാധിച്ചത്. ജനങ്ങള്‍ കൈയ്യയച്ച് സഹായിച്ചിട്ടും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ ഒഴുകിയെത്തിയിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എവിടെയുമെത്തിക്കാന്‍ കഴിയാത്ത സര്‍ക്കാറും സി.പി.എം പാര്‍ട്ടിയും മുസ് ലിംലീഗിന്റെ പുനരധിവാസ പദ്ധതിയില്‍ ഇടങ്കോലിടുന്ന ദയനീയമായ കാഴ്ച്ചക്ക് കേരളത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നുവെന്നത് അങ്ങേയറ്റം ഖേദകരമാണ്. വൈറ്റ് ഗാര്‍ഡ് ഭക്ഷണം വിളമ്പിയിരുന്ന അടുക്കള പുട്ടിച്ചത് മുതല്‍ തുടങ്ങിയ ഈ ഇരട്ടത്താപ്പ് മുസ്ലിംലീഗിന്റെ പുനരധിവാസ പ്രവൃത്തിക്കുമേല്വരെ ദര്‍ശിക്കാനായി. സര്‍ക്കാര്‍ ഭൂമി കണ്ടത്തി തരുമെന്ന് പ്രതീക്ഷിച്ച് മുസ്ലിംലീഗ് കാത്തിരുന്നത് എട്ടുമാസമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹകരിക്കാതി രുന്നതോടെ മേപ്പാടി പഞ്ചായത്തിലെ തന്നെ തൃക്കൈപറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ചേര്‍ന്ന് പാര്‍ട്ടി സ്ഥലം കണ്ടെത്തി. മുസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ബഹുദൂരം മുന്നോട്ട് പോകുന്നുവെന്ന് കണ്ടതോടെ സര്‍ക്കാരും സി.പി.ഐ.എമ്മും രംഗത്തുവന്നു. മുസ്ലിംലീഗ് വാങ്ങിയ ഭൂമിക്കെതിരെ സി.പി.ഐ.എമ്മിന്റെ സര്‍വ്വ സന്നാഹങ്ങളും ചേര്‍ന്ന് വ്യാജങ്ങള്‍ പ്രചരിപ്പിച്ചു. മാധ്യമങ്ങള്‍ ഏറ്റെടുത്ത് മുസ്ലിംലിഗിനെ വിചാരണ ചെയ്തു. എന്നാല്‍ മനുഷ്യരുടെ വേദനക്കൊപ്പം നില്ക്കാന് ശ്രമിച്ചപ്പോള്‍ നേരിട്ട കടുത്ത അധിക്ഷേപങ്ങള്‍ക്ക് മുഖം നല്‍കാതെ മുസ്ലിംലീഗ് പ്രവര്‍ത്തനം തുടര്‍ന്നു. എല്ലാ പ്രതിസന്ധികളെയും തൃണവല്ക്കരിച്ചുകൊണ്ട് ഇഛാശക്തിയുടെ കരുത്തില്‍ പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പുതിയൊരദ്ധ്യായമായി ഈ ഭവനസമുച്ചയത്തെ കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും


