സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു കുട്ടികൂടെ മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരിയാണ് മരിച്ചത്. കൊല്ലം വിളക്കുടി സ്വദേശി നിയ ഫൈസലാണ് മരിച്ചത്. അതീവഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നതെങ്കിലും ഇന്ന് പുലര്‍ച്ച 3.30 ഓടെ നില വഷളാകുകയും മരിക്കുകയുമായിരുന്നു.
പ്രതിരോധ വാക്സിന് മൂന്നു തവണയോളം എടുത്തിട്ടും കുട്ടി ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ കുട്ടിയാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.
കഴിഞ്ഞ മാസം എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.ഈ മാസം ഒന്നാം തീയതിയാണ് എസ്എടിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.
അതേസമയം, നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാന്‍ വേണ്ടി തെരുവ് നായ വന്നപ്പോള്‍ അതിനെ ഓടിക്കാന്‍ നോക്കി. ഈ സമയത്ത് നായ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു. കൈയില്‍ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായയുടെ ഒരു പല്ല് ആഴത്തില്‍ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.ഉടന്‍ തന്നെ കാരസോപ്പിട്ട് മുറിവ് നന്നായി കഴുകുകയും ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വാക്സിന് എടുക്കുകയും ചെയ്തിരുന്നെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


