യുഎസിലെ മിഷിഗണില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ നാലു പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഡെട്രോയിറ്റില്‍ നിന്ന് 50 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് ബ്ലാങ്കിലെ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റിലാണ് സംഭവം. അതേസമയം, പള്ളിക്ക് തീവെച്ച അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.
പ്രാര്‍ഥന നടക്കുന്ന സമയത്ത് പള്ളിക്കുള്ളിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റുകയുകയായിരുന്നു. ബര്‍ട്ടണ്‍ സ്വദേശിയായ മുന്‍ യു.എസ് നാവികനും 40കാരനുമായ തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടക്കുന്ന സമയത്ത് നൂറോളം പേര് പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് എഫ്.ബി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നാലു പേര് കൊല്ലപ്പെടാന്‍ ഇടയായ വെടിവെപ്പിനെ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അനുശോചിച്ചു. ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നമ്മുടെ രാജ്യത്ത് നിന്ന് അക്രമത്തിന്റെ പകര്‍ച്ചവ്യാധിയെ ഉടന്‍ അവസാനിപ്പിക്കണം. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക.


