അശ്റഫ് ആളത്ത്
ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ പ്രവാസി മലയാളിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് കൊല്ലപ്പെട്ടത്. കേസിൽ സ്വദേശി പൗരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പരസ്പരമുണ്ടായ അടിപിടിയിൽ അഖിൽ അശോക് ബഹുനിലകെട്ടിടത്തിന്റെ സ്റ്റയർകേസ് വഴി താഴേക്ക് വീണാണ് മരണം.
യുവാവുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം പൊലീസിനെ അറിയിച്ചു.തുടർന്ന് പോലീസിന്റെ ദ്രുതഗതിയിലുള്ള നീക്കത്തിലൂടെ പ്രതി അന്യോഷണ സംഘത്തിൻറെ വലയിലാവുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഖത്തീഫിൽ നിന്നും അൽ വാദിയയിലേക്ക് പോയതാണ് അഖിൽ. എന്നാൽ എന്തിനാണ് വാദിയയിലെത്തിയത് എന്നതിൽ വ്യക്തതയില്ല. എ.സി ടെക്നീഷ്യനായി ഏഴ് വർഷമായി ദമ്മാമിലെ ഖത്തീഫിൽ ജോലി ചെയ്തു വരികയാണ് അഖിൽ. സന്ദർശക വിസയിൽലെത്തിയ ഭാര്യയും മാതാപിതാക്കളും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ട് വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വിവാഹം കഴിഞ്ഞ് ഇദ്ദേഹം സഊദിയിൽ തിരിച്ചെത്തിയത്.
കേസിന്റെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കം അറിയിച്ചു.


