മുംബൈ: ഏഷ്യാകപ്പില്‍ ഞായറാഴ്ച ദുബൈയില്‍ നടന്ന ഇന്ത്യപാകിസ്താന് ക്രിക്കറ്റ് മത്സരം ഒത്തുകളിയാണെന്നാരോപിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത് രംഗത്ത്.
മത്സരം തോറ്റുകൊടുക്കാനായി പാകിസ്താന് ഐ.സി.സി ചെയര്മാന് ജയ് ഷായ്ക്ക് 50,000 കോടി രൂപ നല്‍കിയെന്നും, 1.5 ലക്ഷം കോടിയുടെ ചൂതാട്ടമാണ് നടന്നതെന്നും റാവത്ത് ആരോപിച്ചു. മത്സരത്തിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ”മത്സരം ഒഴിവാക്കാനാകാത്ത പക്ഷം ജയ് ഷാ ഐ.സി.സി തലപ്പത്തുനിന്ന് രാജിവെക്കേണ്ടിരുന്നു,” റാവത്ത് പറഞ്ഞു.
”ഇന്ത്യപാകിസ്താന് മത്സരം ഒത്തുകളിയായിരുന്നു. 1.5 ലക്ഷം കോടിയുടെ ചൂതാട്ടത്തില്‍ 50,000 കോടി പാകിസ്താനിലെത്തി. കേന്ദ്രമന്ത്രി അമിത് ഷായുടെ മകനാണ് അത് നല്‍കിയത്. ഭീകരവാദം ശക്തിപ്പെടുത്തി അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമം. അമിത് ഷായുടെ മകന് ജയ് ഷാ ഐ.സി.സി ചെയര്‍മാനുമാണ്, പാകിസ്താനുകാരനായ മൊഹ്സിന്‍ നഖ്വി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമാണ്. ബി.സി.സി.ഐയുടെയും മറ്റ് ക്രിക്കറ്റ് സംഘടനകളുടെയും നിയന്ത്രണം ജയ് ഷായ്ക്ക് കീഴിലാണെന്ന്” റാവത്ത് ആരോപിച്ചു.
”ഈ മത്സരം ഇന്ത്യയ്ക്ക് വലിയ നാണക്കേടാണ്. ഒഴിവാക്കാനാകില്ലെങ്കില്‍ ജയ് ഷാ രാജിവെക്കണം. അമിത് ഷാ ദേശീയതയും ഹിന്ദുത്വവും പ്രചരിപ്പിക്കുമ്പോള്‍ പാകിസ്താനുമായി മത്സരം നടത്താന്‍ അനുമതി നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്. മഹാരാഷ്ട്ര ഐ.ടി മന്ത്രി ആശിഷ് ശീലറുടെ മകന് മൊഹ്സിന്‍ നഖ്വിയുടെ കീഴില്‍ ജോലി ചെയ്യുന്നു. അതിനാല്‍ ആശിഷ് ശീലര്‍ ധാര്‍മിക ഉത്തരവാദിത്തമേറ്റ് രാജിവെക്കണം. മുന്‍കാലങ്ങളില്‍ ഇന്ത്യ ഇത്തരം മത്സരങ്ങളില്‍നിന്ന് പിന്മാറിയിട്ടുണ്ട്. ഇത്തവണ അമിത് ഷായുടെ മകന് ജയ് ഷായുടെ താല്പര്യമാണ് പരിഗണിച്ചത്. ജയ് ഷാ ദുബൈയില്‍ ഇരുന്ന് മത്സരം സംഘടിപ്പിച്ചു,”* എന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.
‘പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിലൂടെ ആര്‍ക്കാണ് പ്രയോജനം? ജനവികാരം വെച്ച് കളിച്ചാല്‍ നേപ്പാളിലേതുപോലുള്ള സാഹചര്യം ഇവിടെ ഉണ്ടാകും. മോദിയും അമിത് ഷായും ജനവികാരത്തോടും അന്തസ്സോടും കളിക്കുന്നതിനാല്‍ അവസാനം സ്ഥാനങ്ങള്‍ ഉപേക്ഷിച്ച് രാജ്യം വിടേണ്ടി വരും,” എന്നാണ് ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ ആരോപണം.
”ഇന്ത്യപാകിസ്താന് മത്സരത്തെ എതിര്‍ക്കുമ്പോഴാണ് മോദി മണിപ്പൂര്‍ സന്ദര്‍ശിച്ചത്. അത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായിരുന്നു. ദേശീയതയും ഹിന്ദുത്വവും ബി.ജെ.പി നടിക്കുന്ന കപടതയാണ്. നിരവധി ക്രിക്കറ്റ് താരങ്ങള്‍ മത്സരത്തെ എതിര്‍ത്തിട്ടും കളി നടന്നു. താരങ്ങള്‍ക്ക് ദേശീയതയും ദേശസ്നേഹവും ഉണ്ടെങ്കില്‍ മത്സരത്തില്‍ നിന്നും പിന്മാറേണ്ടതായിരുന്നു,” എന്നും റാവത്ത് പറഞ്ഞു.
അതേസമയം, പാകിസ്താനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് ജയം നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 127 റണ്‍സിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നാലെ ഇന്ത്യ 15.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് കളിയിലെ താരമായി. 47 റണ്‍സോടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ മുന്നോട്ട് നയിച്ചു. യു.എ.ഇക്കെതിരായ ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് കടന്ന ആദ്യ ടീമായി. വെള്ളിയാഴ്ച ഒമാനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.


