കൊച്ചി: ഗസ്സയിലെ വംശഹത്യക്കെതിരെ പ്രതികരിച്ച എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതിക്ക് നേരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ സൈബര്‍ ആക്രമണം. ”ഭക്ഷണത്തിനായി പാത്രം നീട്ടി നില്ക്കുന്ന കുഞ്ഞുങ്ങളെ കണ്ടാല്‍ എനിക്ക് എങ്ങനെ ചോറ് തൊണ്ടയില്‍ നിന്നിറങ്ങും” എന്ന ലീലാവതിയുടെ പരാമര്‍ശമാണ് ആക്രമണത്തിന് ഇടയായത്.
സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി ലീലാവതി ടീച്ചര്‍ വ്യക്തമാക്കി: ”എന്റെ നാട്ടിലെ കുട്ടികളായാലും, മറ്റെവിടെയായാലും, കുട്ടികള്‍ കുട്ടികള്‍ മാത്രമാണ്. അമ്മയുടെ കണ്ണുകളാണ് അവരെ കാണാന്‍ വേണ്ടത്; മതത്തിന്റെയോ ജാതിയുടെയോ വര്‍ണത്തിന്റെയോ അതിരുകള്‍ക്ക് ഇവിടെ പ്രാധാന്യമില്ല”. എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് ജീവിതമെന്നും, എതിര്‍ക്കുന്നവരോട് ശത്രുതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. ’98-ാം വയസ്സിലും ഭാഷയ്ക്കും സംസ്കാരത്തിനും അതുല്യ സംഭാവനകള്‍ നല്കിയ മഹത് വ്യക്തിത്വമാണ് ടീച്ചര്‍. ഗസ്സയിലെ കുഞ്ഞുങ്ങള്‍ വിശന്നിരിക്കുമ്പോള്‍ തനിക്ക് ഓണം ആഘോഷിക്കാന്‍ തോന്നുന്നില്ലെന്നത്, മനുഷ്യസ്നേഹിയുടെ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണ്. ഇത്തരത്തിലുള്ള വാക്കുകളെ പോലും അധിക്ഷേപിക്കുന്ന പ്രവൃത്തികള്‍ കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നു. ലീലാവതി ടീച്ചരെ പോലുള്ളവരെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്,” എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം, ‘കാസ’യുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലീലാവതിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ”ചോറിനോട് മാത്രമല്ല, കിട്ടിയ കുഴിമന്തി ഇറങ്ങുമോയെന്ന് നോക്കൂ ടീച്ചറേ” എന്ന പരിഹാസ പോസ്റ്റിനൊപ്പം, കശ്മീരില്‍ മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ട നിരപരാധികളെയും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇസ്രായേലിനൊപ്പമാണെന്ന് വ്യക്തമാക്കിയ കാസയുടെ കുറിപ്പ്, ലീലാവതിയുടെ പ്രസ്താവനകളെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു.
ലോകത്തെ മറ്റു പ്രദേശങ്ങളിലും കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും തുടരുകയാണ്.


