ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ഏറ്റവും വലിയ മത്സരങ്ങളില്‍ ഒന്നായ ഇന്ത്യ-പാക് പോരാട്ടം സെപ്റ്റംബര്‍ 14ന് നടക്കാനിരിക്കെ, ബിസിസിഐ അംഗങ്ങള്‍ തന്നെ മത്സരം ബഹിഷ്കരിക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ദൈനിക് ജഗ്രാന്റെ റിപ്പോര്‍ട്ടനുസരിച്ച്, ബിസിസിഐ അംഗങ്ങള്‍ മത്സരത്തിന് ദുബൈയില്‍ എത്തില്ലെന്നതാണ് തീരുമാനം. ‘അദൃശ്യ തന്ത്രം’ ഉപയോഗിച്ച് മത്സരത്തെതിരെ പ്രതികരിക്കാനാണ് നീക്കം. ഇതുവരെ ഒരംഗവും ദുബൈയിലെത്തിയിട്ടില്ലെന്നും, ഒരാള്‍ മാത്രമേ എത്താന്‍ സാധ്യതയുള്ളൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.
പഹല്‍ഗാം ആക്രമണത്തിനും ‘ഓപ്പറേഷന് സിന്ദൂര്‍’ക്കും ശേഷമുള്ള ആദ്യ ഇന്ത്യ-പാക് മത്സരമാണിത്. ആവേശം ഇരട്ടിയായിരുന്നെങ്കിലും ടിക്കറ്റുകള്‍ വിറ്റുപോകാത്തതും, ശിവസേന അടക്കം ചിലരുടെ മത്സര ബഹിഷ്കരണ ആവശ്യവും പശ്ചാത്തലമായി.
മുമ്പ് ദുബൈയില്‍ നടന്ന ഇന്ത്യ-പാക് മത്സരത്തില്‍ നിരവധി ബിസിസിഐ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്കയാണ് അംഗങ്ങളെ പിന്തിരിപ്പിക്കുന്നത്.
എങ്കിലും, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വൈസ് ചെയര്‍മാനായ രാജീവ് ശുക്ല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഐസിസി ചെയര്മാന് ജയ് ഷായും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും പങ്കെടുക്കില്ലെന്നാണു റിപ്പോര്‍ട്ടുകള്‍.


