ബെംഗളൂരു ഓടുന്ന കാറിന്റെ സണ്‍റൂഫിലൂടെ പുറത്തേക്ക് എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവര്‍ഹെഡ് ബാരിയറില്‍ ഇടിച്ച് പരിക്കേറ്റു. വിദ്യാരണ്യപുര റോഡിലുണ്ടായ സംഭവം നടന്നത്. കുട്ടിയുടെ നില തൃപ്തികരമാണെന്ന് യെലഹങ്ക പൊലീസ് അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തിരക്കേറിയ റോഡിലൂടെ സഞ്ചരിച്ച ചുവന്ന എസ്യുവിയില്‍നിന്ന് കുട്ടി സണ്‍റൂഫിലൂടെ പുറത്തേക്ക് തല നീട്ടി കാഴ്ച ആസ്വദിക്കുന്നതു കാണാം. എന്നാല്‍ പെട്ടെന്നാണ് വാഹനം വലിയ വാഹനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ സ്ഥാപിച്ച ഓവര്‍ഹെഡ് ബാരിയറിനടിയിലൂടെ കടന്നു പോകുന്നത്. ബാരിയര്‍ കുട്ടിയുടെ തലയില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കുട്ടി കാറിനുള്ളിലേക്ക് വീഴുകയും ചെയ്തു.
സംഭവം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയായി. ”അടുത്ത തവണ നിങ്ങളുടെ കുട്ടികളെ വാഹനത്തില്‍ നിന്നു പുറത്തേക്ക് നോക്കാന്‍ അനുവദിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ചിന്തിക്കൂ” എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ എക്സില്‍ യുവാവ് പങ്കുവച്ചത്.
സണ്‍റൂഫ് സുരക്ഷിതമായി ഉപയോഗിക്കാത്ത സമാന സംഭവങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചു. പലപ്പോഴും മുതിര്‍ന്നവരും തല പുറത്തേക്ക് നീട്ടി അപകടകരമായി സഞ്ചരിക്കുന്നുവെന്നതും വിമര്‍ശനവുമായി ഉയര്‍ന്നു. സണ്‍റൂഫുകള്‍ അപകടത്തിന് ഇടയാക്കാമെന്ന മുന്നറിയിപ്പ് മോട്ടോര്‍ വാഹന വകുപ്പ് നിരന്തരം നല്കുന്ന വിഷയമാണ്.


