ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കന്യാസ്ത്രീകള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയാണെന്നും കോടതിയിലുള്ള വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ടെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
മാധ്യമങ്ങള്‍ അജണ്ട വെച്ച് ചോദ്യങ്ങളുന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണെന്ന് അവര്‍ തന്നെ പറയുന്ന വോയിസ് ക്ലിപ് കേള്‍പ്പിക്കാമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞതോടെ, തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.
സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണെന്നും അറസ്റ്റിലേക്ക് നയിച്ചത് ബജ്റംഗ്ദളിന്റെ പിന്തുണയോടെയാണെന്നും ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരെ മന്ത്രി പരിഹസിച്ചു. കന്യാസ്ത്രീകളെ പിടിച്ചത് ബി.ജെ.പിയല്ലെന്നും ടി.ടി.ഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചാണ് ഛത്തീസ്ഗഢില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തുവന്നിട്ടുണ്ട്.
മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അവിടെയാണ് തീരുമാനിക്കേണ്ടതെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.


