വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.
ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്പര്യങ്ങള് ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.
വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.


