വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷാ നടപടിക്ക് വിധേയരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പുന:പ്രവേശനം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ തിരിച്ചു കയറാനും അനുമതി നല്കി. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ഈ നടപടി. 2023 ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇവര്‍ക്ക് പഠനം തുടരാനും ഇതുവഴി സാധിക്കും.
2024 ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്ത്ഥന് ക്രൂരമായി റാഗിങിനിരയായി മരിച്ചത്. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ട് ദിവസം മുന്നേ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് അമ്മയെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ കോളേജില്‍ അത്യാവശ്യ കാര്യമുണ്ടെന്ന് അറിയിച്ച് തിരിച്ച് മടങ്ങുകയായിരുന്നു.
ഫെബ്രുവരി 14-ന് ക്യാംപസില്‍ സംഘടിപ്പിച്ച വാലന്റൈന്‍സ് ഡേ പരിപാടിക്കിടെ ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന്റെ പേരില്‍ സഹപാഠികള്‍ സിദ്ധാര്‍ത്ഥനെ ക്യാപസിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദനങ്ങള്‍ക്കുമൊടുവില്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ സിദ്ധാര്‍ഥന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൂങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും കൊലപാതകമാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കുടുംബം.


