കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ ഇന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ ആക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. ഫോറന്‍സിക് പരിശോധനാഫലം വന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം, വാട്സപ്പ് ഗ്രൂപ്പുകളില്‍ ആക്രമണവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ അയച്ചവരെ കണ്ടെത്താനാണ് പൊലീസിന്റെ അടുത്തനീക്കം. ‘ഗ്രൂപ്പ് 57’ എന്ന പേരിലുള്ള സമൂഹമാധ്യമ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പൊലീസ് വിശദ പരിശോധന നടത്തി വരുന്നു.
അതേസമയം പ്രധാന കുറ്റാരോപിതന്റെ പിതാവിനെയും പ്രതി ചേര്‍ത്തേക്കും. ആക്രമിക്കാനുള്ള നഞ്ചക്ക് നല്‍കിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രതികളില്‍ ഒരാളുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. കേസിലെ മൂന്ന് പ്രധാന കുറ്റോരോപിതരും സ്കൂളില്‍ നേരത്തെയുണ്ടായ സംഘര്‍ഷങ്ങളിലെ പ്രധാനികളാണെന്നുള്ള വിവരവും പുറത്തു വന്നു.
ഇന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയും ആക്രമണത്തിലുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇതോടെ ആറ് പേരാണ് ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സൈബര്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്ത് പ്രതി ചേര്‍ക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
പിടിച്ചെടുത്ത ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം കേസില്‍ കുറ്റപത്രം നല്‍കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അതേസമയം കഴിഞ്ഞദിവസം കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിച്ചതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാനിരുത്തിയ കെയര്‍ഹോമിന് മുന്പില് എംഎസ്എഫ് അടക്കമുള്ള സംഘടനകള്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചത്. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.


