കടുത്ത പ്രതിഷേധം ഉണ്ടായിട്ടും അത് മറികടന്ന് പ്രതികളെ പരീക്ഷയെഴുതിപ്പിച്ച നടപടി നീതികേടും മനസിനേറ്റ മുറിവുമാണെന്ന് വിദ്യാര്‍ഥി ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇഖ്ബാല്‍. കോഴിക്കോട് താമരശ്ശേരിയില്‍ രണ്ടു സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെടുകയായിരുന്നു. കനത്ത പ്രതിഷേധത്തിനിടെ പ്രതികളായ വിദ്യാര്‍ഥികളെ തിങ്കളാഴ്ച എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നു.
കോപ്പിയടിച്ചവരെ പരീക്ഷയെഴുതിക്കാതെ മാറ്റി നിര്‍ത്തുന്ന സംസ്ഥാനത്കത്ത് കൊലപാതകം ചെയ്തവരെ പരീക്ഷയെഴുതിപ്പിച്ചത് അവര്‍ക്കും മറ്റുള്ള വിദ്യാര്‍ഥികള്‍ക്കും അക്രമം ചെയ്യാനുള്ള പ്രചോദനമാണ്. ഷഹബാസിനെ മര്‍ദിച്ചത് മുമ്പ് ഒരുമിച്ചു പഠിക്കുകയും ഉറ്റ സുഹൃത്തുമായിരുന്ന വിദ്യാര്‍ഥിയാണ്. പ്രതിയായ വിദ്യാര്‍ഥി തന്റെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും മുഹമ്മദ് ഇഖ്ബാല്‍ വെളിപ്പെടുത്തി.
‘എന്റെ മകന് ആറടി മണ്ണില്‍ കിടക്കുമ്പോള്‍ പ്രതികള്‍ക്കു പരീക്ഷ എഴുതാന്‍ അവസരം നല്‍കിയത് എന്തു സന്ദേശമാണ് നല്‍കുന്നത്. ഇവരെ ഈ വര്‍ഷം തന്നെ പരീക്ഷ എഴുതിക്കണമെന്നത് ആരുടെ നിര്‍ബന്ധമാണ്. അതേസമയം സംഭവത്തില്‍ പ്രതികളായ അഞ്ചു പേര്‍ക്കു പുറമേ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നുണ്ട്. ഗൂഢാലോചനയിലും മര്‍ദ്ദനത്തിലും പങ്കുണ്ടെങ്കില്‍ അവരേയും പ്രതി ചേര്‍ക്കും.
സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരിതയാണ്. അക്രമസമയത്ത് പ്രദേശത്തുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളുടെ മൊഴിയും രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നും കുട്ടികളുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഇതിന്റെ തെളിവാണെന്നും കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു പറഞ്ഞു.


