തലശ്ശേരി: ബംഗളൂരുവിൽനിന്നും കടത്തിയ എം.ഡി.എം.എയുമായി തലശ്ശേരിയിലെത്തിയ യുവാവിനെ എക്സൈസ് പാർട്ടി പിടികൂടി. ചിറക്കൽ സ്വദേശി കെ.പി. ആകാശ് കുമാറിനെയാണ് (26) 4.87 ഗ്രാം എം.ഡി.എം.എയുമായി തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും ചേർന്ന് പിടികൂടിയത്.
ബസ് വഴി ബംഗളൂരുവിൽനിന്നും തലശ്ശേരിയിലെത്തി പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ യുവാവിനെ പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്.
തലശ്ശേരി മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൽ സുപ്രധാന കണ്ണിയായ തലശ്ശേരി സ്വദേശിയെ മൂന്ന് മാസമായി തലശ്ശേരി എക്സൈസ് സംഘം നിരീക്ഷിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാളുടെ സുഹൃത്തായ ആകാശ് കുമാർ അറസ്റ്റിലാവുന്നത്. പ്രതിയെ മാർച്ച് അഞ്ച് വരെ റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ലെനിൻ എഡ്വേർഡ്, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സുബീഷ്, സരിൻ രാജ്, പ്രിയേഷ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ഡ്രൈവർ എം. സുരാജ് എന്നിവരുമു ണ്ടായിരുന്നു.


