പിഎസ്സിയിലെ ശമ്പള വര്‍ധനവില്‍ പിണറായി സര്‍ക്കറിനെതിരെ സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസി. അടിസ്ഥാന വര്‍ഗത്തെ തഴഞ്ഞുള്ള തീരുമാനം എല്‍ഡിഎഫിന് ഭൂഷണമല്ലെന്നും തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും എഐടിയുസി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ന്യായമായ വേതന വര്‍ധനവും കുടിശ്ശികയില്ലാതെ കൃത്യമായി വേതനം നല്‍കണമെന്ന അവകാശവും പലപ്പോഴും നിഷേധിക്കുകയാണെന്നും എഐടിയുസി കുറ്റപ്പെടുത്തി.
അതേസമയം, പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടേയും ആനുകൂല്യങ്ങളും ശമ്പളവും വന്‍തോതില്‍ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഉടന്‍ റദ്ദാക്കണമെന്ന് എഐടിയുസി സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. വാരിക്കോരി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സര്ഡക്കാറിന്റെ നിലപാട് അനുചിതവും ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ച കാര്യവുമല്ലെന്നും എഐടിയുസി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സ്കൂള്‍ പാചക തൊഴിലാളികള്‍, ആശ, അംഗന്‍വാടി വര്‍ക്കര്‍മാര്‍,പൊതുവിതരണ മേഖലയിലെ താല്‍ക്കാലിക ജീവനക്കാര്‍, റേഷന്‍ വിതരണക്കാര്‍, സ്പെഷ്യല്‍ സ്കൂള്‍ ജീവനക്കാര്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ കരാര്‍ – താല്‍ക്കാലിക ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ വേതന വര്‍ധനവ് നല്കുവാനും കൃത്യമായി വേതനം നല്കുവാനും സാധിക്കുന്നില്ല.
സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പോലും ലഭിക്കാതെ നാമമാത്രമായ വേതനം കൊണ്ട് ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ നിലവിലുള്ളപ്പോള്‍ സാധാരണക്കാരായ ഇത്തരം വിഭാഗത്തെ പരിഗണിക്കാതെ ഇപ്രകാരമൊരു തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുന്നത് ഇടതുമുന്നണി സര്‍ക്കാരിന് ഭൂഷണമല്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വര്‍ഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസും ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രനും ആവശ്യപ്പെട്ടു.


