ഇടുക്കിയില്‍ അനധികൃത ഖനനം വ്യാപകമായി നടക്കുന്നുണ്ടെന്ന് ജിയോളജി വകുപ്പ്. റോഡ്കളുടെയും കുളങ്ങളുടേയും നിര്‍മാണങ്ങളുടെ മറവില്‍ പാറ പൊട്ടിച്ച് കടത്തിയതായി ജിയോളജി വകുപ്പ് വിവരാവകാശത്തിന് നല്കിയ മറുപടിയില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി.
ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലാണ് ഏറ്റവും പ്രധാനമായി ഖനനം നടന്നിരിക്കുന്നത്. 2022 മുതല്‍ വ്യാപകമായ രീതിയില്‍ അനധികൃത ഖനനവും പാറപൊട്ടിക്കലും മണ്ണെടുപ്പും നടന്നിട്ടുണ്ട്. കുളം നിര്‍മ്മാണത്തിന്റെ മറവിലാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പാറ പൊട്ടിച്ചു കടത്തിയിട്ടുള്ളത്.
ജില്ലയില്‍ പാറ പൊട്ടിച്ച് കുളം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് ഒരാള്‍ക്ക് മാത്രമായിരുന്നെങ്കിലും നിരവധിപേര്‍ പാറ പൊട്ടിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് പ്രതികരിച്ചു.
അനധികൃത ഖനന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ 10 ജില്ലകളിലെ ജിയോളജിസ്റ്റുമാരെ സ്ഥലം മാറ്റി. ജോലിഭാരം പരിഹരിക്കാന്‍ എന്ന പേരിലാണ് സ്ഥലംമാറ്റം. ഇടുക്കി ജില്ലാ ജിയോളജിസ്റ്റിനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്. പാറ ഖനനം അന്വേഷിച്ചിരുന്ന രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പകരം ഇടുക്കിയില്‍ ആരേയും നിയമിച്ചിട്ടില്ല.


