ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം. മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നൂറനാട് പൊലീസ് ആണ് കേസെടുത്തത്. മര്‍ദ്ദനം, അസഭ്യപ്രയോഗം, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കുട്ടിയുടെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് മുഖത്തും കാലിലും മര്‍ദ്ദിച്ച പാടുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പിതാവും രണ്ടാനമ്മയും ഉപദ്രവിക്കാറുണ്ടെന്ന് പറയുന്ന കുട്ടിയുടെ കുറിപ്പ് പുറത്തു വന്നു. രണ്ടാനമ്മ മുഖത്ത് അടിച്ചുവെന്നും പേടിപ്പിച്ചുവെന്നും വിരട്ടിയെന്നും കുട്ടി കുറിപ്പില്‍ പറയുന്നു.
സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് ക്ലാസ് ടീച്ചര്‍ ചോദിച്ചപ്പോഴാണ് രണ്ടാനമ്മ മര്‍ദിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. ഉടന്‍ തന്നെ സ്കൂള്‍ ഹെഡ്മാസ്റ്ററെ അറിയിച്ചതിനെ തുടര്‍ന്ന് ബാലാവകാശ കമീഷന് വന്ന് കുട്ടിയുടെ മൊഴിയെടുത്തു.


