തലശ്ശേരി: ”ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്” മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസിലെ ഈ നിയമം സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. തലശ്ശേരി ഒ. ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു.പി. സ്കൂളിലെ വിദ്യാര്‍ഥിയായ അഹാന് അനൂപാണ് ഈ മനോഹരമായ നിയമാവലി എഴുതിയത്.
”നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു കളിയുടെ നിയമാവലി എഴുതുക” എന്ന ചോദ്യത്തിനുള്ള മറുപടിയായി അഹാന് സ്പൂണ്‍-നാരങ്ങ കളി തെരഞ്ഞെടുത്തു. ആറു നിയമങ്ങളാണ് അവന് എഴുതിയത്. അവസാനത്തേതായ ”ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്” എന്നത് തന്നെയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.
അഹാന്റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. പിന്നീട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അത് ഷെയര്‍ ചെയ്ത് അഹാനെ അഭിനന്ദിച്ചു.
അഹാന്റെ നിയമങ്ങള്‍:
ഒരു സമയം അഞ്ച് പേര്‍ക്ക് മത്സരിക്കാം
എല്ലാവരും വായില്‍ സ്പൂണ്‍ വെക്കണം
നാരങ്ങ സ്പൂണിന് മുകളില്‍ വെക്കണം
അടയാളപ്പെടുത്തിയ വരിയില്‍ നിന്നാണ് കളി തുടങ്ങേണ്ടത്
നാരങ്ങ നിലത്ത് വീണാല്‍ വീണ്ടും എടുത്തു വെച്ച് മുന്നോട്ട് പോകണം
വരി തെറ്റിയാല്‍ കളിയില്‍ നിന്ന് പുറത്താകും
ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്
നിമ്യ നാരായണന്റെ കുറിപ്പ്:
”അവസാനത്തെ നിയമാവലിയാണ് ഹൈലൈറ്റ്. ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത് എന്ന് എഴുതിയതിന് പിന്നില്‍ മറ്റുള്ളവര്‍ക്ക് വേദനിക്കും എന്ന തിരിച്ചറിവാണ്. അതാണ് എനിക്ക് ഏറ്റവും സന്തോഷം നല്‍കിയത്.”
മന്ത്രിയുടെ കുറിപ്പ്:
”’ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ പകര്‍ത്തിയ മൂന്നാം ക്ലാസുകാരന് അഭിവാദ്യങ്ങള്‍. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയാണ് മുന്നേറുന്നത്.”


