തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് റഹീം നാട്ടിലേക്ക് വരുന്നത്. ദമ്മാമില്‍ നിന്നും ഏഴരയോടെ തിരുവനന്തപുരത്തെത്തി. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലില്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു.
ഉള്ളുലയുന്ന വേദനയോടെയാണ് അഫാന്റെ പിതാവ് അബ്ദുറഹീമിന്റെ നാട്ടിലേക്കുള്ള യാത്ര. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുമ്പോള്‍ പ്രിയപ്പെട്ടവരൊന്നും കൂടെയില്ല. ഉറ്റവരെല്ലാം സ്വന്തം മകനാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും മകന് കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലും. ഒരു പ്രവാസിയും ആഗ്രഹിക്കാത്ത മടക്കയാത്ര.
റിയാദിലെ കട നഷ്ടമയതോടെ വലിയ ബാധ്യത ഉണ്ടായതിനാല്‍ രണ്ടര വര്‍ഷമായി ഇഖാമയും പുതുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ സാമൂഹ്യ പ്രവര്ത്തകന് നാസ് വക്കമാണ് രക്ഷക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്. ഉറ്റവര്‍ ബാക്കിയില്ലാത്ത വീട്ടിലേക്ക് കയറും മുമ്പ് ആശുപത്രിയിലേക്ക് പോകണോ ഖബര്‍സ്ഥാനിലേക്ക് പോകണോ പൊലീസ് സ്റ്റേഷനിലേക്ക് പോകണോ എന്ന ഉത്തരങ്ങളില്ലാതെയാണ് അബ്ദുറഹീമെത്തുന്നത്.


