നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരുടെ ജാമ്യ ഹര്‍ജി തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചെന്താമര പുറത്തിറങ്ങുന്നത് നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്ന് കാണിച്ച് പ്രോസിക്യൂഷന് ജാമ്യം എതിര്‍ത്തിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് ചെന്താമരയുടെ അഭിഭാഷകന് പ്രതികരിച്ചു.നേരത്തെ കുറ്റസമ്മത മൊഴി നല്കാന് തയ്യാറല്ലെന്ന് ചെന്താമര അറിയിച്ചിരുന്നു. അഭിഭാഷകനെ കണ്ട ശേഷമായിരുന്നു ചെന്താമര തീരുമാനം മാറ്റിയത്.
ജനുവരി 27നായിരുന്നു പോത്തുണ്ടി സ്വദേശികളായ സുധാകരന്, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ അയല്‍വാസിയായ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊന്നത്.


