കോട്ടയം ഗവ. നര്‍സിങ് കോളേജിലെ റാഗിങ് കേസില്‍ പ്രതികളായ അഞ്ച് പേരേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിനഗര്‍ പൊലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19),മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്സണ് (20), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.
നിലവില്‍ അഞ്ചു വിദ്യാര്‍ഥികളാണ് റാഗിങ് പരാതി നല്‍കിയിട്ടുള്ളത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ കോളജ് അധികൃതര്‍ക്ക് പങ്കുണ്ടെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. തക്കസമയത്ത് നടപടി സ്വീകരിച്ചില്ലെന്ന് കോളജ് പ്രിന്‍സിപ്പലിനും വാര്‍ഡനുമെതിരെ പരാതി ഉയര്‍ന്നിരുന്നു. കുറ്റക്കാരായ ചിലര്‍ക്ക് അനുകൂലമായ നിലപാട് ഇവര്‍ സ്വീകരിച്ചിരുന്നതായി ഡി.ജി.പിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെയും ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തുന്നത്.


