കോഴിക്കോട്: വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് ആശ്വാസകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് സുപ്രിംകോടതിക്ക് ബോധ്യമായിരിക്കുകയാണ്. വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വർഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കിൽ വഖഫ് അസാധുവാകുമെന്ന നിയമം അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്നാണ് അർത്ഥശങ്കക്കിടയില്ലാത്ത വിധം സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
നിയമ ഭേദഗതിയിലെ വിചിത്രമായ ഈ നിയമം തന്നെ സുപ്രിംകോടതി സ്റ്റേ ചെയ്തു. വഖഫ് സ്വത്തുക്കളുടെ റവന്യൂ രേഖകളിൽ അവകാശങ്ങൾ നിർണ്ണയിക്കാൻ കളക്ടറെ അനുവദിക്കുന്നത് സ്റ്റേ ചെയ്തതും വലിയൊരു നേട്ടമാണ്. വഖഫ് ബോർഡ് എക്സ്-ഒഫീഷ്യോ ഓഫീസർ മുസ്ലിം സമുദായത്തിൽ നിന്നുള്ളയാളായിരിക്കണമെന്നും വഖഫ് ബോർഡുകളിലെ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സുപ്രിംകോടതി നിർദേശിക്കുന്നുണ്ട്. ഇതെല്ലാം മുസ്ലിംലീഗ് ഹർജിയിൽ ഉന്നയിച്ച സുപ്രധാന കാര്യങ്ങൾ കൂടിയാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് സർക്കാർ ഈ വിഷയത്തിൽ നിയമം പാസ്സാക്കിയത്. മുസ്ലിംലീഗ് പ്രതിപക്ഷ കക്ഷികളോടൊപ്പം നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.


