കോഴിക്കോട്: വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് കേന്ദ്ര സര്‍ക്കാരിന്റെ ദുഷ്ടലാക്കിനുള്ള താക്കീതും ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രത്യാശ പകരുന്നതുമാണെന്നു മുസ്ലിം ലീഗ് പാര്‍ലിമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈ സിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പാര്‍ലമെന്റിലും പുറത്തും ഇന്ത്യ മുന്നണി ഉയര്‍ത്തിയ വാദങ്ങള്‍ വ്യക്തതയുള്ള തായിരുന്നു എന്നത് കോടതി വിധി അടവരയിട്ടു.മുസ്ലിം ന്യുനപക്ഷത്തില് നിന്ന് വഖഫ് തട്ടിയെടുക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. പരമോന്നത കോടതിക്ക് ഇത് ഏതാണ്ട് ബോധ്യപ്പെട്ടിരിക്കുന്നു.
വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്‍ഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്‍ വഖഫ് അസാധുവാകുമെന്നതുള്‍പ്പെടെ ഇന്ത്യന്‍ ഭരണഘടനക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത നിയമം ചുട്ടെടുത്തപ്പോള് തന്നെ കോടതിയില്‍ ഇത് നിലനില്‍ക്കില്ലെന്നു ഉറപ്പായിരുന്നു. വഖഫ് ബോര്‍ഡിനെ തന്നെ അപ്രസക്തമാക്കി അതിന്റെ സ്വത്തുക്കളുടെ റവന്യൂ രേഖകളില്‍ അവകാശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ജില്ലാ കളക്ടറെ അനുവദിക്കുന്നതുള്‍പ്പെടെ സ്റ്റേ ചെയ്തത് മുസ്ലിം ലീഗ് ഉന്നയിച്ച മര്‍മ പ്രധാന വിഷയങ്ങള്‍ എല്ലാം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്.
ഇസ്ലാം മത കര്‍മങ്ങളില്‍ അധിഷ്ടിതമായ വകഫ് കൈകാര്യം ചെയ്യുന്ന സമിതിയില്‍ ഇതര വിഭാഗങ്ങള്‍ ഉണ്ടാവണമെന്ന് പിടിവാശി പിടിച്ചവരെ കോടതി മുഖ വിലക്കെടുത്തില്ല. വഖഫ് ബോര്‍ഡ് എക്സ്-ഒഫീഷ്യോ ഓഫീസര്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളയാളായിരിക്കണമെന്നും വഖഫ് ബോര്‍ഡുകളിലെ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചത് വലിയ വിജയം തന്നെയാണ്. വകഫ് നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ട ഹീന കരി നിയമങ്ങളെല്ലാം തല്ക്കാലം സ്റ്റേ ചെയ്ത കോടതി വിധി ഇന്ത്യന്‍ ഭരണ ഘടനയിലും രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസം വര്‍ധിപ്പിക്കും. അന്തിമ വിധിയിലും നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം. ജനാധിപത്യ പോരാട്ടത്തിന് ഊര്‍ജം പകരുന്ന കോടതിവിധി ഇക്കാര്യത്തില്‍ കൂടെ നിന്ന എല്ലാ മതേതര കക്ഷികള്‍ക്കുമുള്ള അംഗീകാരമാണെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.


