ഹരിദ്വാറിലെ ഋഷികുല്‍ ആയുര്‍വേദിക് കോളേജ് കാമ്പസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച മുസ്ലിം വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. കഴിഞ്ഞ ദിവസം ഏതാനും മുസ്ലിം വിദ്യാര്‍ത്ഥികള്‍ കോളേജ് മൈതാനിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു കോളേജില്‍ കയറി ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം.
പുറത്തുനിന്നുള്ളവരെ കോളേജിലേക്ക് കൊണ്ടുവരാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും ഹരിദ്വാര്‍ ഒരു ‘ഹിന്ദു മത നഗരമാണെന്നും ഹിന്ദു തീവ്രവാദ സംഘടന അവകാശപ്പെട്ടതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോളേജില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ മൂന്ന് ദിവസത്തിനകം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ കോളേജില്‍ നിന്നും പിരിച്ചു വിട്ടത്.
മുനിസിപ്പല്‍ കോര്പ്പറേഷന് ബൈലോ ചൂണ്ടിക്കാട്ടി ബജ്റംഗ്ദള്‍ ഭാരവാഹി അമിത് കുമാര്‍, ഹരിദ്വാറില്‍ ഇത്തരം പരിപാടികള്‍ നടത്തുന്നത് അഹിന്ദുക്കള്‍ക്ക് വിലക്കുണ്ടെന്ന് വാദിച്ചു. ”ഇസ്ലാമിക് ജിഹാദിന് കീഴില്‍ മതനഗരത്തില്‍ ഒരു ഗൂഢാലോചന നടക്കുന്നു. മൂന്ന് ദിവസത്തിനകം കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ മാനേജ്മെന്റ് പുറത്താക്കിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാന്‍ ബജ്റംഗ്ദളിനെ നിര്‍ബന്ധിതരാക്കും,” കുമാര്‍ ഭീഷണിപ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഡ്മിനിസ്ട്രേറ്റീവ് അനുമതിയില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് ഋഷികുല്‍ ആയുര്‍വേദിക് കോളേജ് ഡയറക്ടര്‍ ഡിസി സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി ലഭിച്ചതായും ഇവര്‍ പറഞ്ഞു.


