പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥി മാപ്പുചോദിച്ചു. വിദ്യാര്‍ഥിയോട് ക്ഷമിച്ചുവെന്ന് അതികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥിക്ക് സസ്പെന്ഷന് നടപടി ഉണ്ടാകില്ലെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്ലാസിലേക്ക് കൊണ്ടുവന്ന മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് പാലക്കാട് ആനക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദൃശ്യങ്ങള്‍ പുറത്തുവന്നതുള്‍പ്പെടെ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, അധ്യാപകര്‍ പകര്‍ത്തിയ ദൃശ്യം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറിയിരുന്നുവെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അധ്യാപകരല്ലെന്നും പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ പറഞ്ഞു. താന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അപ്പോഴത്തെ ആവേശം കൊണ്ട് പറഞ്ഞു പോയതാണെന്നും വിദ്യാര്‍ഥി പറഞ്ഞതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും മാപ്പുപറഞ്ഞതോടെ അത്തരം അടക്കമുള്ള നടപടിയിലേക്ക് കടക്കില്ലെന്ന് പ്രിന്‍സിപ്പലും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.


