മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തി ബിജെപി. ബിജെപി-ബിഎംഎസ് നേതാവ് ഗിരീഷ് വാഗമണ്‍ ആണ് ഭീഷണിപ്പെടുത്തിയത്. ഈരാറ്റുപേട്ട പൊലീസില്‍ ഭീഷണി സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം കാണിച്ചാണ് യൂത്ത് ലീഗ് പരാതി നല്‍കിയത്. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് വാഗമണ്‍ ഗിരീഷ് ഭീഷണി മുഴക്കിയത്. ‘പി.സി ജോര്‍ജ് എന്ന ആളെ ഒതുക്കാന്‍ ഇറങ്ങിയവര്‍ ഓര്‍ത്തോ, തിരിച്ചു അടി ഉറപ്പ് എന്നാണ്’- അദ്ദേഹം എഴുതിയിരിക്കുന്നത്.
യൂത്ത് ലീഗ് നല്കിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചാനല്‍ ചര്‍ച്ചയില്‍ കടുത്ത വിദ്വേഷപരാമര്‍ശം നടത്തിയ ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്ന് ഒളിവില്‍പോയ പി.സി ജോര്‍ജ് കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയത്. കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. വൈദ്യപരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.


