താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്
പ്രാഥമിക പരിശോധന ഫലം. വിദഗ്ധ പരിശോധനക്കായി വീണ്ടും സാമ്പിള്‍ ശേഖരിക്കും. കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയക്കും.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമാന രോഗലക്ഷണങ്ങളോടെ ഇന്നലെ വൈകിട്ടാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഏഴു വയസുള്ള സഹോദരന് പനിയും ശര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അനയക്കൊപ്പം സഹോദരനും കുളത്തില്‍ കുളിച്ചിരുന്നു. കുട്ടിയുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതോടെ സഹോദരന് അമീബിക് മസ്തിഷ്ക ജ്വരമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച സ്കൂള്‍ വിട്ടുവന്നതിനുശേഷമാണ് അനയയ്ക്ക് പനി ലക്ഷണങ്ങള്‍ കണ്ടത്. വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വീടിന് സമീപമുള്ള കുളത്തില്‍ കുട്ടി കുളിച്ചിരുന്നുവെന്നാണ് വിവരം. കുളത്തിലേത് ഉള്‍പ്പെടെ ജല സാംപിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു.


